
Balaramapuram Murder തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു.
പ്രദേശത്തെ സ്‌കൂളിലെ പിടിഐ അംഗങ്ങൾ ഉൾപ്പെടെ ഇവരുടെ കെണിയിൽപ്പെട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പണമെല്ലാം വീട് വച്ചു നൽകുന്നതിനായി ജ്യോത്സ്യൻ ദേവീദാസന് നൽകിയെന്നാണ് ശ്രീതു പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ദേവസ്വം ബോർഡിലെ ജീവനക്കാരിയാണെന്നായിരുന്നു ശ്രീതു നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ ശ്രീതു ദേവസ്വം ബോർഡിൽ കരാർ ജീവനക്കാരി പോലും ആയിരുന്നില്ല.
ശ്രീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസ്. ഇതിനായി വ്യാജരേഖ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്. പത്തുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ബാലരാമപുരം സ്വദേശി ഷിജു നൽകിയ പരാതിയിലാണ് അറസ്റ്റ്. ഷിജു ശ്രീതുവിന്റെ മൂത്തമകൾ പഠിക്കുന്ന സ്കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയാണെന്നാണ് വിവരം.
10 പരാതികളാണ് നിലവിൽ പൊലീസിന് ലഭിച്ചിരിക്കുന്നത്. മറ്റ് പരാതികളിൽ അന്വേഷണം നടക്കുകയാണെന്ന് എസ്‌പി കെഎസ് സുദർശൻ പ്രതികരിച്ചു.