
Chendamangalam triple murder കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ ഋതുവിനെ കോടതിയില്‍ ഹാജരാക്കും. ഋതുവിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് ഇന്നലെ പുലർച്ചെ തെളിവെടുപ്പ് നടത്തിയത്.
നാട്ടുകാരുടെ പ്രതിഷേധം മുന്നിൽ കണ്ട് അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കുകയായിരുന്നു. പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്‍കിയത്. മൂന്നുദിവസം വിശദമായ ചോദ്യം ചെയ്യലും തിരിച്ചറിയലും നടന്നു.
കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലെന്നാണ് പ്രതി റിതു ജയൻ പറയുന്നത്. നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ജിതിൻ ബോസ് മരിക്കാത്തതിൽ പ്രയാസമുണ്ടെന്ന് പ്രതി പറയുന്നത്. തെളിവെടുപ്പ് സമയത്ത് സ്വന്തം വീട്ടിലും കൂട്ടക്കൊല നടന്ന സ്ഥലത്തും യാതൊരു കൂസലുമില്ലാതെയാണ് പ്രതി ഇടപഴകിയത്.നാട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടാകുമെന്ന് കരുതിയാണ് അതിരാവിലെ തന്നെ തെളിവെടുപ്പ് നടത്തിയത്.
ആക്രമണം നടത്തുന്ന സമയത്ത് ഇയാള്‍ മദ്യമോ ലഹരിയോ ഒന്നും ഉപയോഗിച്ചിരുന്നില്ല. മാനസികപരമായി പ്രശന്ങ്ങള്‍ നേരിടുന്ന വ്യക്തിയല്ല ഇയാളെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു. ജിതിനെ ഋതു ആക്രമിക്കാന്‍ ചെന്നപ്പോള്‍ ജിതിന്റെ ഭാര്യ വിനീഷയാണ് ആദ്യം പുറത്തിറങ്ങി വന്നത്. വിനീഷയെ അടിച്ച് വീഴത്തിയതിന് പിന്നാലെ ജിതിനെ തലയ്ക്കടിച്ച ശേഷം കത്തി കൊണ്ട് കുത്തി. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും പ്രതി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.
ഋതു സ്ഥിരം ശല്യക്കാരനാണെന്നാണ് നാട്ടുകാരും പറയുന്നത്. ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി സംഭവത്തിന് രണ്ട് ദിവസം മുമ്ബാണ് നാട്ടില്‍ എത്തിയത്.
ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയാണ് റിതു. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു റിതു ജയന്‍റെ വാദം.
മരിച്ചവരുടെ കുടുംബവും അയല്‍വാസികളും പലവട്ടം പ്രതി റിതു ജയനെതിരെ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതാണ് പൊലീസ് തയാറാവാത്തതാണ് ഈ വലിയ ദുരന്തം ക്ഷണിച്ചുവരുത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വേണുവിന്റെ കുടുംബം ഒരു മാസം മുമ്പ് നല്‍കിയ പരാതിയില്‍ റിതു ജയന്‍ ഹാജരായില്ല. പകരം അമ്മയാണ് സ്റ്റേഷനിലെത്തിയത്. അയല്‍വാസിയായ മറ്റൊരു യുവതി നല്‍കിയ പരാതിയിലും ഇയാളെ വിളിച്ചുവരുത്താന്‍ പൊലീസ് തുനിഞ്ഞില്ല. വീട്ടില്‍ സി.സി.ടി.വി സ്ഥാപിക്കാനാണ് പരാതിക്കാരെ പൊലീസ് ഉപദേശിച്ചത്. ഗുരുതര കൃത്യവിലോപം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.