Thursday, April 17
BREAKING NEWS


ഔട്ട്; ലോകത്തെ അതിസമ്പന്നരുടെ ആദ്യ പത്തില്‍ നിന്ന് അദാനി പുറത്ത്….

By Bijjesh uddav
ബ്ലൂംബെര്‍ഗ് തയാറാക്കിയ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പുറത്ത്.( Gautam Adani)
Gautam Adani

(Gautam Adani) ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരി വില വന്‍തോതില്‍ ഇടിഞ്ഞതോടെയാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി പിന്നാക്കം പോയത്.

ബ്ലൂംബര്‍ഗ് റിച്ചസ്റ്റ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി നിലവില്‍ 11ാം സ്ഥാനത്താണ്.

സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ തുടര്‍ന്ന് മൂന്ന് ദിവസം കൊണ്ട് അദാനിക്ക് 34 ബില്യണ്‍ യു.എസ് ഡോളറിന്റെ നഷ്ടമാണ് ഓഹരി വിപണിയിലുണ്ടായത്.

നിലവില്‍ 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. 82.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് അദാനിക്ക് പിന്നില്‍ 12ാം സ്ഥാനത്തുള്ളത്.

അദാനി ഓഹരികള്‍ ഇടിവ് തുടരുകയാണെങ്കില്‍ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന വിശേഷണവും നഷ്ടപ്പെടും.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ആഢംബര ബ്രാന്‍ഡായ ലൂയിസ് വിറ്റന്റെ ചെയര്‍മാന്‍ ബെര്‍നാഡ് ആര്‍നോള്‍ട്ടാണ്. രണ്ടാം സ്ഥാനത്ത് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കും. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നും ബില്‍ ഗേറ്റ്‌സ് നാലും സ്ഥാനത്തുണ്ട്.

ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്കെതിരെ ഉന്നയിച്ചത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. ഓഹരികള്‍ പ്ലെഡ്ജ് ചെയ്ത് വലിയ തോതില്‍ കടം വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരി വില വന്‍തോതില്‍ ഇടിഞ്ഞത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് അദാനി മറുപടി നല്‍കിയെങ്കിലും തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *