
Nenmara double murder പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്.
വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ചെന്തമാര ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചതിന് ശേഷമാണ് ചെന്താമര പിടിയിലായത്.
ഇന്ന് വൈകിട്ടോടെയാണ് മാട്ടായി മേഖലയില്‍ ചെന്താമരയെ കണ്ടത്. ഇളയ സഹോദരിയുടെ വീട്ടില്‍ സന്ദർശനം നടത്തി തിരിച്ചുപോകുന്നതിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഓടിയതോടെ പൊലീസും പിന്നാലെ എത്തി.
ഇതിനിടെ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം കുട്ടികളും ചെന്താമരയെ കണ്ടു. അത് ചെന്താമരയാണെന്നും പിടിക്കണമെന്നും പൊലീസ് വിളിച്ചുപറഞ്ഞതോടെ കുട്ടികളും പിന്നാലെ ഓടി. എന്നാല്‍ പ്രതിയെ പിടികൂടാനായില്ല. പിന്നാലെ നാട്ടുകാരും പരിശോധനയ്ക്ക് എത്തുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 9.30നാണ് പോത്തുണ്ടി തിരുത്തമ്ബാടം ബോയന്‍ നഗറില്‍ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും (76) മകന്‍ സുധാകരനെയും (58) ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ലക്ഷ്മി മരണപ്പെട്ടത്.
ഇരുവരുടേയും ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു. വെട്ടിക്കൊന്ന ശേഷം ചെന്താമര നെല്ലിയാമ്ബതി മേഖലയിലേക്ക് കടന്നുകളഞ്ഞു.
അഞ്ച് വര്‍ഷം മുമ്ബാണ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊന്നത്. ലോറി ഡ്രൈവറായിരുന്നു ചെന്താമര. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ ഇയാളില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഭാര്യയും താനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന ധാരണയാണ് ആദ്യത്തെ കൊലപാതകത്തിലേക്ക് നയിച്ചത്. സജിതയും ചെന്താമരയുടെ ഭാര്യയും അടുത്ത സുഹൃത്തുക്കളായിരുന്നു.