
Oru Vadakkan Veeragatha കൊച്ചി : ക്ലാസിക് സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ഒരു വടക്കന്‍ വീരഗാഥ. 1989ല്‍ പുറത്തിറങ്ങിയ ചിത്രം ഇപ്പോള്‍ റീ റിലീസിന് ഒരുങ്ങുകയാണ്.
35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ അവസരത്തില്‍ മമ്മൂട്ടി ഒരു വടക്കന്‍ വീരഗാഥയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. റീ റിലീസിന്റെ ഭാഗമായി മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ട വീഡിയോയിലാണ് മമ്മൂട്ടി സിനിമയെ കുറിച്ച് സംസാരിച്ചത്.
ചിത്രീകരണത്തിനിടെ വാള്‍ തുടയില്‍ തുളഞ്ഞു കയറിയിട്ടുണ്ടെന്ന് മമ്മൂട്ടി. ഇപ്പോഴും ആ മുറിവിന്റെ പാട് ഉണ്ടെന്നും ഇതൊക്കെ ഉണ്ടാകുമെന്ന് അറിയാമെന്നും മമ്മൂട്ടി സിനിമയുടെ ഓർമ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
‘കളരി അഭ്യാസവും കുതിര അഭ്യാസവുമൊക്കെ പഠിക്കണമെങ്കില്‍ മാസങ്ങളോളം പരിശീലനം നടത്തിയേ പറ്റൂ. നമ്മള്‍ സിനിമയിലെ ഷോട്ടുകള്‍ക്ക് മാത്രമാണ് അഭിനയിക്കുന്നത്. അല്ലാതെ വലിയൊരു കളരി അഭ്യാസം പൂര്‍ണമായും ചെയ്യുന്നില്ല. തെറ്റിപ്പോയാല്‍ തിരുത്തി അഭിനയിക്കാനും പറ്റും.
ചാട്ടവും ഓട്ടവുമൊക്കെ ഒറിജിനല്‍ തന്നെയാണ്. അതില്‍ ഉപയോഗിച്ചിരുന്ന എല്ലാ വാളുകളും മെറ്റല്‍ തന്നെയായിരുന്നു, നല്ല ഭാരവും ഉണ്ടായിരുന്നു. ചാടി ഒരു വാള് പിടിക്കുന്ന ഒരു രംഗമുണ്ട്. തെറിച്ചു പോകുന്ന വാള് ചാടിപിടിക്കണം. എല്ലാ പ്രാവശ്യവും ചാടുമ്ബോള്‍ വാള്‍ പിടികിട്ടില്ല. ഒരു പ്രാവശ്യം ആ വാള്‍ എന്റെ തുടയില്‍ കുത്തിക്കേറി. നല്ലവണ്ണം മുറിഞ്ഞു, വേദന എടുത്തു. ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല, പക്ഷേ കാണാന്‍ പറ്റാത്ത സ്ഥലത്ത് ആയതുകൊണ്ട് ആ പാട് ഇപ്പോഴുമുണ്ട്. വാള്‍ കൊണ്ട് പരിക്കുണ്ടായിട്ടും ആര്‍ക്കും പരാതിയൊന്നും ഉണ്ടായില്ല. കാരണം ഇതൊക്കെ ഉണ്ടാവും എന്ന് അറിഞ്ഞ് തന്നെയാണല്ലോ നമ്മള്‍ വരുന്നത്’- മമ്മൂട്ടി പറഞ്ഞു.