
Pregnant Women ചെന്നൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ഗർഭിണിയായ യുവതിക്കെതിരെ പീഡന ശ്രമം. എതിർത്തതോടെ യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് ക്രൂരത. 27കാരനായ ഹേമരാജാണ് പിടിയിലായത്.
തമിഴ്നാട്ടിലെ കോയമ്ബത്തൂർ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. കോയമ്ബത്തൂർ- തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനില്‍ തിരുപ്പൂരില്‍ നിന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത രേവതിയ്ക്കാണ് (35) ദുരനുഭവം ഉണ്ടായത്.
രാവിലെ 6.40ഓടെയാണ് യുവതി റിസർവ് ചെയ്യാത്ത ടിക്കറ്റുമായി ട്രെയിനില്‍ പ്രവേശിച്ചത്. തുടർന്ന് വനിതാ കോച്ചില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് കോച്ചില്‍ ഏഴ് സഹയാത്രികരായ സ്ത്രീകളും ഉണ്ടായിരുന്നു. ട്രെയിൻ ജോലർപേട്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെ രേവതി ഒഴികെ കോച്ചിലുണ്ടായിരുന്ന എല്ലാ സ്ത്രീകളും ഇറങ്ങിപ്പോയി. ആ സമയത്താണ് ട്രെയിനിലേക്ക് ഹേമരാജ് കയറിയത്.
ഒറ്റയ്ക്കിരിക്കുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനം തടയുന്നതിനിടെ രേവതി ഇയാളെ ചവിട്ടി. ഇതില്‍ പ്രകോപിതനായ പ്രതി ട്രെയിനില്‍ നിന്ന് രേവതിയെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. യുവതിയുടെ തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ വെല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. രേവതി, അമ്മയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
വീഴ്ചയില്‍ കൈകളും കാലുകളും വട്ടമൊടിഞ്ഞ് എഴുന്നേല്‍ക്കാൻ പോലും സാധിക്കാതെ ട്രാക്കിന് സമീപത്ത് കിടന്ന യുവതിയെ ഇതുവഴി പോയ ആളുകളാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ വി കുപ്പം സ്വദേശിയായ ഹേമാരാജ് എന്നയാളാണ് അറസ്റ്റിലായത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ അടുത്തിടെയാണ് കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയത്.