
Uttar Pradesh ലക്നൗ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ്‌നായ്ക്കൾ കടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാദം. കണ്ടുനിന്ന ആളുകൾ നായകളെ ഓടിച്ചപ്പോഴേക്കും കുഞ്ഞിൻ്റെ ശരീരത്തിന്റെ തലഭാഗം മുഴുവനായി വേർപ്പെട്ടിരുന്നു. ലളിത്പൂരിലെ മെഡിക്കൽ കോളജിൽ മരിച്ച ശിശുവിൻ്റെ മൃതദേഹമാണ് ആശുപത്രി പരിസരത്തു തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞ് മരണപ്പെട്ടിരുന്നുവെന്നും കുട്ടിയുടെ കുടുംബമാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 9 ഞായറാഴ്‌ച ലളിത്പൂർ മെഡിക്കൽ കോളജിലെ ജില്ലാ വനിതാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഭാരക്കുറവും അനാരോഗ്യവും ഉണ്ടായിരുന്നതിനാൽ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.
കുഞ്ഞിന് ഭാരം കുറവായിരുന്നു. തലയും പൂർണമായി വളർന്നിരുന്നില്ല. കുഞ്ഞിന് 1.300 കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മീനാക്ഷി സിങ് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോൾ മിനിറ്റിൽ 80 തവണ ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിയുമോ എന്ന് സംശയമായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിൻ്റെ ബന്ധുവിന് കൈവിരലടയാളം രേഖപ്പെടുത്തി കുഞ്ഞിനെ കൈമാറിയിരുന്നതായും അധികൃതർ വ്യക്തമാക്കി.
കുഞ്ഞിനെ കൈമാറിയതിന് പിറ്റേന്ന് ഉച്ചയോടെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കൾ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചുവെന്നാണ് അധികൃതർ ആരോപിക്കുന്നത്. കൈയിൽ ആശുപത്രിയുടെ ടാഗ് ഉണ്ടായിരുന്നതിനാലാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പൊലീസ് എത്തുംമുമ്പ് മൃതദേഹം മാറ്റിയെന്നും അധികൃതർ പറഞ്ഞു. സംഭവം അന്വേഷിക്കാൻ ലളിത്പൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നാല് ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.